Our Happenings
01, November , 2024
തൃക്കാക്കര: കേരള പിറവി ദിനത്തിൽ വേറിട്ട അനുഭവമായി ചാക്യാർ കൂത്ത് അവതരണം നടന്നു. പുതുതലമുറ വിദ്യാർത്ഥികൾ ആവേശപൂർവ്വം ഈ കലാരൂപത്തെ സ്വീകരിച്ചു. തൃക്കാക്കര ഭാരത മാതാ കോളേജിലാണ് ചാക്യാർ കൂത്ത് അവതരണം നടന്നത്. മലയാള വിഭാഗം സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തിൻ്റെയും മാതൃഭാഷാ വാരാചരണത്തിൻ്റെയും ഭാഗമായി അരങ്ങുണർത്തൽ പരിപാടിയായാണ് കൂത്തവതരണം സംഘടിപ്പിച്ചത്. കേരളത്തിൻ്റെ ഏറ്റവും പ്രാചീനമായ ഈ രംഗകലയെ ഹർഷാരവങ്ങളോടെയാണ് വിദ്യാർത്ഥികളടക്കമുള്ള കാണികൾ ഏറ്റെടുത്തത്. കലാമണ്ഡലം ജിഷ്ണു പ്രതാപാണ് ചാക്യാർ കൂത്ത് അവതരിപ്പിച്ചത്. കലാമണ്ഡലം രവി ശങ്കർ മിഴാവ് വാദനം നടത്തി. മാതൃഭാഷാ വാരാചരണ പരിപാടി കേളേജ് മാനേജർ റവ. ഡോ. എബ്രഹാം ഓലിയപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ലിസ്സി കാച്ചപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കോളേജ് അസി.മാനേജർ ഫാ. ജിമ്മിച്ചൻ കർത്താനം, മലയാളം വകുപ്പ് മേധാവി ഫാ.ഡോ. അനീഷ് പോൾ, ഡോ. തോമസ് പനക്കളം, ഫാ. ഡോ. വർഗീസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 6 ന് നാടൻ പാട്ട് അവതരണത്തോടെ മാതൃഭാഷാ വാരാചരണം സമാപിക്കും.